പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പര്‍ ജഴ്സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.

പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ പോവുകയാണ്. സീനിയര്‍ ടീമില്‍ നിന്ന് ഞങ്ങള്‍ 16-ാം നമ്പര്‍ ജഴ്സി പിന്‍വലിക്കുന്നു. ജൂനിയര്‍ ടീമിന്റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയര്‍ ടീമില്‍ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പര്‍ ജേഴ്സി ധരിക്കും.’- ഭോല നാഥ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *