കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്‌മ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഹമ്മദ് നജാദാണ് ജീവനൊടുക്കിയത്.

ഇന്നലെ രാത്രി വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഹമ്മദ് നജാദിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചു.

വലിയ ദുഖത്തോടെയാണ് മകന്‍ കോളജില്‍ നിന്നും വീട്ടില്‍ എത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ വഴക്ക് പറഞ്ഞതായി മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

ശേഷം മുറിയില്‍ കയറിയ നജാദ് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയ നിലയിലാണ് നജാദിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *