തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി വിദ്യാഭാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. അടിക്കടി ആളുമാറുമ്പോള്‍ പ്രതിസന്ധിയുണ്ട്. വകുപ്പില്‍ മുപ്പത് പേരെ മാറ്റിയതിന്റെ ഭാഗമായുള്ള മാറ്റമാണിത്. എന്നാല്‍ വിദ്യാഭാസ മേഖലയിലെ നിരന്തരം ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍ സ്ഥിരമായിരിക്കണം എന്നതാണ് അഭിപ്രായം. ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും വകുപ്പിന് പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതൃപ്തി ആരെയെങ്കിലും അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയുന്നത് എല്ലാവരും കേള്‍ക്കുകയല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രി അറിയാതെയാണ് വകുപ്പില്‍ മാറ്റങ്ങള്‍ നടന്നതെന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്.

അതേസമയം, ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റിയുടെ ഭൂരിഭാഗം കാര്യങ്ങളോടും വിയോജിപ്പാണുള്ളത്. അത് തങ്ങളുടെ നയത്തിന്റെ ഭാഗമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഫയല്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അത് ക്ലോസ് ചെയ്യുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം ചോദിക്കണം. അതിന്റെ നടപടിക്രമം മാത്രമാണ് നിലവിലുള്ളത്. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്തെങ്കിലും പുതിയ ഒരു പരിശ്രമം ഇല്ല. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. യോഗം വിളിച്ചത് വിവിധ സംഘടനകളുടെ അഭിപ്രായം അറിയാനെന്നും മന്ത്രി പറഞ്ഞു. അതില്‍ പറഞ്ഞ ഏതെങ്കിലും കാര്യം ഇന്നത്തെ സാഹചര്യത്തില്‍ നടപ്പിലാക്കിയാല്‍ അതിന് ഖാദര്‍ കമ്മറ്റിയുമായി ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *