ശബരിമല നെയ്യ് വാങ്ങലിലെ 2.27 കോടി രൂപയുടെ ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള എസ്‌ഐടി അന്വേഷണം എങ്ങുമെത്താതെഴുന്നു. മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവർ പ്രതികളായ കേസിൽ മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതല്ലാതെ തുടർനടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ല. കൂടുതൽ തെളിവു ലഭിച്ചശേഷമേ പ്രതികളെ ചോദ്യം ചെയ്യാനാവൂ എന്നാണ് എസ്‌ഐടിയുടെ നിലപാട്.
പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയ ശുദ്ധമായ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞത് എത്തിച്ചെന്നാണ് കണ്ടെത്തൽ. ദേവസ്വം-മിൽമ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും കൂടുതൽ പേരിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തലിനപ്പുറം പുതിയ തെളിവുകൾ കണ്ടെത്താൻ എസ്‌ഐടിക്കും കഴിഞ്ഞിട്ടില്ല.
2024-ൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്ത ടെൻഡർ റദ്ദാക്കി, ലിറ്ററിന് 369 രൂപ കോട്ട് ചെയ്ത തമിഴ്‌നാട് സ്ഥാപനത്തെ ഒഴിവാക്കി 510 രൂപ വിലയുള്ള മിൽമയ്ക്ക് കരാർ നൽകാൻ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് എസ്‌ഐടി വിലയിരുത്തുന്നു. 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പ്രതികളെ ചോദ്യം ചെയ്യാത്തത് അന്വേഷണസംഘത്തിന്റെ ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിയുടെ നിർദേശങ്ങളുണ്ടായിട്ടും നടപടികൾ അനന്തമായി നീളുന്നത് ശബരിമലയിലെ വിശ്വാസികളിലും പൊതുജനങ്ങളിലും കനത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
