പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷവിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പറയുന്നത്. ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത് കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു. സജിത കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്കിപ്പുറമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി ഇന്ന് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമരാക്ഷൻ (ചെന്താമര) വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ ഭാര്യ ഉപേക്ഷിച്ച് പോകാൻ കാരണക്കാരി സജിതയാണെന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര.
ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചിരുന്നു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസ്സിൽ വൈരാഗ്യം ഊട്ടി ഊട്ടിയുറപ്പിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെയെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിൻറെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
