ന്യൂ ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസിന്റെ കേരള ഘടകത്തിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹർജിക്ക് നീക്കം. കെപിസിസിയുടെ ഔദ്യോഗിക പേജിൽ വന്ന വിവാദ പോസ്റ്റിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷനാണ് കോടതിയലക്ഷ്യ ഹർജി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഹർജി ഫയൽ ചെയ്യുന്നതിനായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ അനുമതി തേടി അസോസിയേഷൻ കത്ത് നൽകും. അറ്റോർണി ജനറൽ അനുമതി നൽകിയാൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നേരിട്ട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കും. ചീഫ് ജസ്റ്റിസിനെതിരെ ‘പറ്റിയില്ലെങ്കിൽ രാജിവെച്ചു പോകൂ, ഞങ്ങൾ വേറെ ആളെ നോക്കിക്കൊള്ളാം’ എന്ന തരത്തിലുള്ള പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ പോസ്റ്റ് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. വിവാദം ശക്തമായതിനെ തുടർന്ന് കെപിസിസി ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും, അബദ്ധമായാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും ഈ പരാമർശത്തിൽ നിന്ന് അകലം പാലിച്ചെങ്കിലും കർശന നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് സുപ്രീം കോടതി ബാർ അസോസിയേഷന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *