ചെന്നൈ: മലയാള സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് സംസ്‌കാരം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ ‘ടെക്‌നോ മ്യുസിഷ്യന്‍’ എന്നറിയപ്പെട്ട അദ്ദേഹം 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. എന്‍ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാന്‍ മിഴി…(മനുഷ്യമൃഗം), സ്വര്‍ണമീനിന്റെ ചേലൊത്ത… , കുങ്കുമസന്ധ്യകളോ …(സര്‍പ്പം), മറഞ്ഞിരുന്നാലും… (സായൂജ്യം), മഴ പെയ്തു പെയ്ത്…(ലജ്ജാവതി), ആഴിത്തിരമാലകള്‍…(മുക്കുവനെ സ്‌നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ…(ഇതാ ഒരു തീരം), കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ.. എന്നിവയാണ് ജോയിയുടെ ഏറെ ജനപ്രിയമായ ഗാനങ്ങള്‍.

1975ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കെ.ജെ.ജോയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കീബോര്‍ഡ് ഉള്‍പ്പെടെയുള്ള ആധുനികസങ്കേതങ്ങള്‍ എഴുപതുകളില്‍ സിനിമയില്‍ എത്തിച്ചത് ജോയിയാണ്. ‘ഇവനെന്റെ പ്രിയപുത്രന്‍’, ‘ചന്ദനച്ചോല’, ‘ആരാധന’, ‘സ്‌നേഹയമുന’, ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’, ‘ലിസ, മദാലസ’, ‘സായൂജ്യം’, ‘ഇതാ ഒരു തീരം’,’അനുപല്ലവി’, ‘സര്‍പ്പം’, ‘ശക്തി’, ‘ഹൃദയം പാടുന്നു’, ‘ചന്ദ്രഹാസം’, ‘മനുഷ്യമൃഗം’, ‘കരിമ്പൂച്ച’ എന്നിവയാണ് ജോയിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *