കോവിഡ് വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ജനുവരി അഞ്ചിന് മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാടുകടത്തിയത് കഴിഞ്ഞ മാസത്തെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ജോക്കോവിച്ച്.

തനിക്ക് തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി പ്രധാനമല്ലെന്ന് ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ജോക്കോവിച്ച് പറഞ്ഞു.

”ഞാന്‍ ഒരിക്കലും വാകിസിനേഷന് എതിരായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്ത് കയറ്റണമെന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ വാക്‌സിന്‍ എടുത്തിട്ടുള്ളതാണ്”, ജോക്കോവിച്ച് വ്യക്തമാക്കി.

നിര്‍ബന്ധിത വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവിയില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ”അതാണ് ഇക്കാര്യത്തിന് നല്‍കേണ്ടിവരുന്ന വിലയെങ്കില്‍ ആ വില നല്‍കാന്‍ ഞാന്‍ തയ്യാറാണ്” എന്നായിരുന്നു ജോക്കോയുടെ മറുപടി.

”എന്റെ ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് ഏത് കിരീട നേട്ടത്തേക്കാളും മറ്റെന്തിനേക്കാളും വലുതാണ്”, ജോക്കോ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *