യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ചു സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു.മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍ പറയുന്നത്.ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *