ന്യൂഡല്‍ഹി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത് സറില്‍ ലാന്‍ഡ് ചെയ്യും. ഇത്തവണയും അമേരിക്കന്‍ സൈനിക വിമാനത്തില്‍ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. തിരിച്ചയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബില്‍ നിന്ന് 67 പേര്‍, ഹരിയാനയില്‍ നിന്ന് 33 പേര്‍, ഗുജറാത്തില്‍ നിന്ന് 8 പേര്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് 3 പേര്‍, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാന്‍ 2, ഹിമാചല്‍ പ്രദേശ് 1, ജമ്മുകശ്മീര്‍ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യവിമാനത്തില്‍ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *