
കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി. സുനിൽ കുമാറിന്‍റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും പരിശീലനത്തിനായി നാലരക്കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്‍റ് യു ഷറഫലി പറഞ്ഞു. സുനിൽ കുമാറിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണ്. ഫണ്ട് അനുവദിക്കുന്നതിൽ സർക്കാരിന്‍റെ ഔപചാരിതകളുണ്ട്. കളരി ഒഴിവാക്കിയത് മന:പൂർവമെന്ന് കരുതണം. രണ്ടു വർഷം മുമ്പ് വരെ സുനിൽ കുമാർ ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് സ്പോർട്സ് കൗൺസിലിൽ ഉണ്ടായിരുന്നത്. സുനിൽ കുമാര്‍ ആദ്യം ഹോക്കി നന്നാക്കിയിട്ടില്ല. എന്താണ് ഒളിമ്പിക് അസോസിയേഷൻ കായിക താരങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളതെന്നും ഷറഫലി തുറന്നടിച്ചു.
മെസിയടക്കമുള്ള അര്‍ജൻറീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് പല കടമ്പകളും മുന്നിലുണ്ടെന്നും കായിക മന്ത്രിയുടെ ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ഷറഫലി പറഞ്ഞു. ദേശീയ ഗെയിംസിലെ പരാജയത്തിന്‍റെ എല്ലാ കാര്യങ്ങളും ഫെബ്രുവരി 27ന് ചേരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ദേശീയ ഗെയിംസിൽ സര്‍വീസസിന്‍റെ വരവ് ഏറ്റവും നഷ്ടമുണ്ടാക്കിയത് കേരളത്തിനാണ്. കായിക താരങ്ങള്‍ ജോലി തേടി പോകുന്നതിനെ പഴിക്കാനാകില്ല. കായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ ഫണ്ട് കൈമാറുമെന്ന് കൗൺസിൽ ഉറപ്പു നൽകിയിരുന്നു. പണം കയ്യിൽ കിട്ടിയിട്ടെ ക്യാമ്പ് തുടങ്ങുവെന്ന് അസോസിയേഷനുകൾ ശാഠ്യം പിടിച്ചിട്ട് കാര്യമില്ല.
ടീമിന്‍റെ പരിശീലനത്തിനായി നാലരക്കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഒരു മാസത്തെ പരിശീലനം എങ്കിലും ടീമുകൾക്ക് നൽകണമെന്ന് നിർദേശം ഉണ്ടായിരുന്നു. നിർദേശപ്രകാരം അസോസിയേഷനുകൾ പരിശീലനം ആരംഭിച്ചിരുന്നു. കായിക താരങ്ങളെ ചരിത്രത്തിൽ ആദ്യമായി വിമാനത്തിൽ മത്സര വേദിയിലെത്തിച്ചു. എന്നാൽ, മത്സരങ്ങളിൽ സീനിയർ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്തത് തിരിച്ചടിയായി. കോടതി നിർദേശം ഉണ്ടായിട്ടുപോലും കളരി പയറ്റ് ഉൾപ്പെടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറായില്ല.
കേരളത്തിന് ഉന്നത സ്ഥാനം ലഭിക്കരുതെന്ന് കരുതികൂട്ടി എടുത്ത തീരുമാനമാണിതെന്നാണ് സംശയിക്കുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് മലയാളിയായിട്ട് പോലും കളരി ഉൾപ്പെടുത്തിയില്ല. ഇത് മനപൂര്‍വമാണെന്ന് കരുതേണ്ടിവരും. കേരള ഹോക്കി അസോസിയേഷന്‍റെ തലപ്പത്ത് ഏറെ നാളായിരിക്കുന്ന സുനിൽ കുമാറിന് ഹോക്കിയെ രക്ഷിക്കാനായില്ല.