ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തില്‍ മരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘റോയ്’ എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു.

2003, 2007 ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. ഓസ്ട്രേലിയക്കായി താരം 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയന്‍ ടീമിനായി കളിക്കളത്തിലിറങ്ങി. 1998 ല്‍ പാകിസ്താനെതിരായിട്ടായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സിന്റെ ഏകദിന അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും.

198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ടൗണ്‍സ്വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചില്‍ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഹെര്‍വി റേഞ്ച് റോഡില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം ആന്‍ഡ്രൂ സൈമണ്ട്‌സ് സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *