കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചെന്ന പരാതിയിലാണ് കേസ് . കോഴിക്കോട് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി.
സ്ത്രീധനത്തിന്റെ പേരില്‍ പന്തീരങ്കാവ് സ്വദേശിയായ രാഹുല്‍ കൊല്ലാനാണ് ശ്രമിച്ചതെന്ന് മര്‍ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊലവിളിച്ചുള്ള ക്രൂരമര്‍ദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്‌തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.
മകള്‍ മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലെന്നും ഭര്‍തൃമാതാവ് മകളോട് സ്ത്രീധനത്തിന്റെ പേരില്‍ വിരോധം കാണിച്ചിരുന്നുവെന്നും യുവതിയുടെ അമ്മയും തുറന്നു പറഞ്ഞിരുന്നു. പ്രതിയോട് പൊലീസ് സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെ സ്റ്റേഷനിലെ മുറിയില്‍ നിന്നും പുറത്തിറക്കി വാതിലടച്ചുവെന്നും അവര്‍ ആരോപിച്ചു. മൊബൈല്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി കൊല്ലുമെന്നായിരുന്നു പ്രതിയുടെ ആക്രോശം. തലയിലും പുറത്തും ഇടിച്ചുവെന്നും ഇടിയേറ്റ് മൂക്കില്‍ നിന്നും രക്തം വന്നുംവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.