സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. മൂന്ന് വർഷമായി ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരിൽ വ്യാജ സ്വർണ്ണപ്പണയ ലോൺ എടുത്ത പ്രതി കേരള ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയിൽ പണയം വച്ച 42 പേരുടെ സ്വർണ്ണവുമായാണ് ഇയാൾ സ്ഥലംവിട്ടത്.ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീശനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നാണ് സിപിഎം നിലപാട്. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തും, അപെക്സ് ബാങ്ക് സൊസൈറ്റിക്ക് നൽകിയ പണം സ്വന്തമാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. പണയം വച്ച സ്വർണ്ണം രതീശൻ കടത്തിക്കൊണ്ട് പോയിട്ടുമുണ്ട്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സഹകരണ സംഘം പ്രസിഡന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് കേസെടുത്തതിന് പിന്നാലെ കെ രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സിപിഎം നിലപാട്. കൂടുതൽ ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്ര വിപുലമായ രീതിയിൽ തട്ടിപ്പ് നടത്താൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി കർണാടകത്തിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *