
കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകി. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് നൽകിയത്.ചൊവ്വാഴ്ച വൈകിട്ടാണ് എംഎൽഎ ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് കെ.യു ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.