തിരുവനന്തപുരം: തപാല്‍ വോട്ട് തിരുത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമര്‍ശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവതരമാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സിപിഐഎം സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.