കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. വനംവകുപ്പ് തന്നെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ അടക്കം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ,വയറുകൾ, ഇവ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വക്വാഡ് (എടിഎസ്) വിശദമായ അന്വേഷണം നടത്തും. പൊലീസും എടിഎസും പ്രദേശത്ത് ഇന്ന് സംയുക്ത പരിശോധനയും നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ കേരള-തമിഴ്നാട് അതിര്‍ത്തിയിൽ ക്യാമ്പ് നടത്തിയിരുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് വിവരം കൈമാറിയിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചും രണ്ട് മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.

സംഭവത്തിൽ തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളവരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. .ഉൾവന പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *