ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപ. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. മത്സര വിജയിക്ക് 1.6 മില്ല്യൺ ഡോളർ ലഭിക്കും. അതായത് 11,73,07,200 (11 കോടി 73 ലക്ഷത്തി 7200) രൂപ. ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് നേർപകുതി, അതായത് 800000 ഡോളർ ലഭിക്കും. ഇത് 58653600 (5 കോടി 86 ലക്ഷത്തി അമ്പത്തിമൂവായിരത്തി 600) രൂപ വരും. മത്സരം സമനില ആയാൽ ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്ന തുക ഇരു ടീമുകൾക്കുമായി വീതിക്കും.
ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന മത്സരം ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ആരംഭിക്കുക.
ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.