വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറിലെ വെള്ളത്തിന് ഒരു സുപ്രഭാതത്തില്‍ നിറം മാറിയതിന്റെ കാരണം വ്യക്തമാകാതെ ആശങ്കയിലാണ് ഒരു കുടുംബം. കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തിന്‍റെ നിറമാണ് മാറിയത്.രണ്ട് ദിവസം മുന്‍പാണ് വെള്ളത്തിന്റെ നിറം കടും നീലയായി മാറിയതെന്ന് മരക്കാര്‍ പറയുന്നു. കിണറിന് പത്തടിയോളം ആഴമുണ്ട്. അള്‍മറയുള്ളതും വലയിട്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന കിണറാണിത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.മടവൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനഘ സ്ഥലത്തെത്തുകയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ നിറംമാറ്റത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വെള്ളത്തിന്റെ നിറം മാറ്റം കാണാന്‍ മരക്കാറുടെ വീട്ടിലേക്ക് നാട്ടുകാരുടെ സന്ദര്‍ശക പ്രവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *