സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ യോഗം.അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പങ്കെടുക്കും.സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം, പ്രതിഫലവും ഒ.ടി.ടി.യും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി ഫിലിം ചേമ്പര്‍ രംഗത്ത് വന്നത്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നു. തിയേറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരും കടുത്ത പ്രതിസന്ധി അനുഭവിക്കുന്നത് താരങ്ങള്‍ ഗൗനിക്കണമെന്നും ഫിലിം ചേമ്പര്‍ ആവശ്യപ്പെട്ടു. ഒടിടി റിലീസ് വൈകിപ്പിക്കണമെന്ന ആവശ്യവും ഫിലിം ചേമ്പര്‍ മുന്നോട്ട് വച്ചിരുന്നു.കഴിഞ്ഞ ആറു മാസത്തിനിടെ തിയറ്ററുകളിലെത്തിയ 74 ചിത്രങ്ങളിൽ വിജയം നേടിയത് ആറ് ചിത്രങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തിൽ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ നിർമാതാക്കൾ യോഗത്തിൽ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *