ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം ചെയ്യുന്നത് ഭര്‍ത്താവിന് നല്‍കുന്ന അങ്ങേയറ്റത്തെ മാനസിക പീഡനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിനു വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സി. ശിവകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. ശിവകുമാറുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. ചെയിന്‍ മാത്രമാണ് മാറ്റിയതെനും താലി ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഭാര്യ വിശദീകരിച്ചത്. എന്നാല്‍ അഴിച്ചുമാറ്റിയതിന് അതിന്റെതായ പ്രധാന്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹിന്ദു മാരേജ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം താലികെട്ടുക എന്നത് നിര്‍ബന്ധമല്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ താലി അഴിച്ചുമാറ്റി എന്നത് ശരിയാണെന്ന് കരുതിയാലും അത് വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും വാദിച്ചു. താലികെട്ടുന്നത് വിവാഹത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ്. താലി അഴിച്ചുവെച്ച് ബാങ്ക്ലോക്കറില്‍ സൂക്ഷിക്കുകയുമാണ് പരാതിക്കാരിയായ ഭാര്യ ചെയ്തത്. ഇക്കാര്യം വിവാഹമോചനത്തിന് പര്യാപ്തമായ കാരണം തന്നെയാണെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു.

താലി അണിയുന്നത് പവിത്രമായി കരുതുന്നതാണ് രാജ്യത്തിന്റെ സംസ്‌ക്കാരമെന്നും ഭര്‍ത്താവിന്റെ മരണംവരെ താലി ധരിക്കണമെന്നുമാണ് വിവാഹ ഉടമ്പടിയെന്നും കോടതി ചൂണ്ടിക്കാട്ടി. താലി അഴിച്ചുമാറ്റുന്നത് വിവാഹ ബന്ധം അവസാനിപ്പിച്ചതായി കണക്കാക്കാന്‍ പര്യാപ്തമായ കാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *