തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കല്‍ ജോലിക്കിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ മൃതദേഹം സംസ്‌കരിച്ചു. മാരായമുട്ടത്തെ ഒറ്റമുറി വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ജോയിയെ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നാടൊന്നാകെ ഒഴുകിയെത്തി. തോടും പുഴകളുമൊക്കെയായി ആത്മബന്ധമുണ്ടായിരുന്ന ജോയിയുടെ ജീവന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ പൊലിഞ്ഞതില്‍ മാലിന്യനിര്‍മാര്‍ജനത്തിലെ പരാജയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് നാട്. നാടിന് പ്രിയപ്പെട്ടവനും പ്രായമായ അമ്മയുടെ ഏക ആശ്രയവുമായിരുന്ന ജോയിയുടെ അപകട മരണം നാടിനൊന്നാകെ കടുത്ത നോവായി. കണ്ണീരോടെയാണ് നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ ജോയിയുടെ മൃതദേഹം കാണാനെത്തിയത്.

46 മണിക്കൂറിന് ശേഷം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എത്രയും വേഗം സംസ്‌കരിക്കേണ്ട സാഹചര്യമായിരുന്നു. ജോയിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *