നിമിഷ പ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ബഹു .കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണ്. ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി പരമ്പരയിലെ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകും.

കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള കമ്യൂണിക്കേഷന്‍ ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ അനുനയിയപ്പിക്കുന്നതിന്റെ ശ്രമങ്ങള്‍ക്കിടയില്‍ നാളത്തെ ശിക്ഷ നല്‍കുന്ന നടപടി താല്‍ക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യം യമന്‍ ഭരണകൂടം ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *