താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും കീഴടക്കി.പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന്‍ ഭീകര സംഘം അഫ്ഗാനിസ്ഥാനെ പിടിയിലാക്കുന്നത്. കാബൂള്‍ നഗരത്തെ നാല് വശത്തുനിന്നും താലിബാന്‍ വളഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിർദേശിച്ചതായും താലിബാൻ നേതാവ് അറിയിച്ചു.

അതേസമയം, കാബൂളിന്റെ നഗരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കരുതെന്ന് താലിബാന്‍ തങ്ങളുടെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി സംഘടനയുമായി ബന്ധപ്പെട്ടവര്‍ പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആരുടേയും ജീവനും സ്വത്തിനും അന്തസ്സിനും കോട്ടം തട്ടാതെ, കാബൂള്‍ നിവാസികളുടെ സാധാരണ ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, നഗരം പിടിച്ചെടുക്കുന്ന പക്രിയ സുരക്ഷിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.’ എന്നാണ് താലിബാന്റെ പ്രതികരണം.രണ്ട് ദിവസം മുൻപാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്​ഗാനിലെ ഹെറത്, ​ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി.

അഫ്​ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.

അതേസമയം, കീഴടക്കിയ പ്രദേശങ്ങളിൽ കാടൻ നിയമങ്ങൾ താലിബാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ മാർക്കറ്റുകളിൽ പ്രവേശിക്കരുതെന്ന് താലിബാൻ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ കാൽപ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകൾ ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ കഴിഞ്ഞദിവസം ഭീകരർ ആക്രമിച്ചു.താഖർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്ത പെൺകുട്ടികളെയാണ് കാൽപ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് താലിബാൻ ആക്രമിച്ചത്. ഇതിനൊപ്പം അധീനതയിലായ പ്രദേശങ്ങളിലെ പെൺകുട്ടികളെ താലിബാൻ ഭീകരർ നിർബന്ധിച്ച് വിവാഹം കഴിക്കുന്നതായും എതിർക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതായും വധിക്കുന്നതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് തലിബാൻ വക്താവ് പറയുന്നത്. ജനങ്ങളെ തങ്ങൾക്കെതിരെ തിരിക്കാനുള്ള സർക്കാർ ശ്രമമാണ് ഇതിന് പിന്നിലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *