തിരുവനന്തപുരം: മഹാത്മഗാന്ധിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരെ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കി. ഗാന്ധിയുടെ നേര്‍ക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടിവി പങ്കുവെച്ചെന്നാണ് പരാതി.
രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകളറിയിച്ചുള്ള ജനം ടിവിയുടെ പോസ്റ്ററില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയ്ക്കു നേരെ തോക്കു ചൂണ്ടല്‍. ‘സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം’ എന്ന ടാഗ് ലൈനോടു കൂടി ജനം ടിവിയുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്ററാണ് വിവാദത്തിലായത്. പോസ്റ്ററിലുള്ള ഗാന്ധിജിയുടെ തലയ്ക്കു പുറകുവശത്തായാണ് തോക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തലേന്ന് രാജ്യമൊട്ടുക്കും ആഘോഷരാവിലേക്ക് കടന്നിട്ടുള്ള നിമിഷത്തിലാണ് രാഷ്ട്ര പിതാവിനു നേരെ തോക്ക് ചൂണ്ടിയുള്ള ജനം ടിവിയുടെ പോസ്റ്റര്‍.
സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്നും പരാതിയിലുണ്ട്. ജനം ടിവിക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മ്മനാണ് പരാതി നല്‍കിയത്. ജനം ടിവി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വിവാദ ചിത്രവും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.