തങ്ങള്‍ നേരിട്ട അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയാണ്. തങ്ങള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.പി.കെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥനയെന്നും
ഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം തങ്ങള്‍ പരാതിയുമായി സമീപിച്ചിരുന്നെന്നും ഇവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഹരിതക്ക് പരാതി നല്കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. തങ്ങള്‍ക്കും ആത്മാഭിമാനം വലുതാണെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.
വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നുണ്ട്. സൈബര്‍ ഗുണ്ടകളുടെ കയ്യില്‍ തങ്ങളുടെ ചിത്രങ്ങളടക്കം ഉണ്ടെന്ന് പറഞ്ഞാണ് ഭീഷണി. തങ്ങളുടെ പരാതി വ്യക്തികള്‍ക്കെതിരെയാണെന്നും പാര്‍ട്ടിക്കെതിരെയല്ലെന്നും ഹരിത മുന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.
പരാതി നല്‍കിയതിന് പിന്നാലെ രണ്ട് മീറ്റിങ്ങായിരുന്നു നടന്നത്. രണ്ടും തീരുമാനമായിട്ടല്ല പിരിഞ്ഞത്. പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് ഒരു മീറ്റിങ് നടന്നത്. ഞങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാവരേയും കേട്ടുവെന്നും പിരിഞ്ഞുപോയിക്കോളൂ എന്നുമാണ് പറഞ്ഞത്. നടപടി വേണമെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ഞങ്ങള്‍ തീരുമാനിക്കും. ഇവിടെ ഇങ്ങനെ ഒക്കെയേ നടക്കൂ എന്ന നിലയില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടിയായിരുന്നു ലഭിച്ചത്.
ആ മീറ്റിങ്ങില്‍ വെച്ച് അവര്‍ ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ വേണ്ടി വരുന്നവരാണ് എന്നാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന ആളുകളെ കുറിച്ച് വളരെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെ പറയുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്.
ഔദ്യോഗിക മീറ്റിങ്ങൊന്നും പിന്നെ ഉണ്ടായിട്ടില്ല. വനിതാ കമ്മീഷനില്‍ പരാതി കൊടുത്തത് ഒരു ക്രൈം ആയിട്ടാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ ചാനലിലോ വനിതാ കമ്മീഷനിലോ പോയിരുന്ന് തീരുമാനമുണ്ടാക്ക്, ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന തരത്തിലുള്ള സംസാരമുണ്ടായി. ഇതിന് ഒരുപാട് ആളുകള്‍ സാക്ഷികളാണെന്നും ഹരിത നേതാക്കള്‍ പറഞ്ഞു.
