ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് ഏകെജി സെന്ററിലേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം ചോദിച്ചപ്പോള്‍ അനിൽകുമാര്‍ നൽകിയത് ധിക്കാരപരമായ മറുപടിയാണെന്നും സതീശൻ വ്യക്തമാക്കി.

അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശൻ പറയുന്നു. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം ടിവി ചാനലിൽ കയറി മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.
എറണാകുളത്ത് പന്ത്രണ്ട് പേര്‍ക്കെതിരേ നടപടി എടുത്തില്ലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. അവര്‍ക്കെതിരേ എന്തുകൊണ്ടാണ് സി.പി.എം. നടപടിയെടുക്കുന്നത്. പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടുകള്‍ വേണം. ആ ചട്ടക്കൂടിനപ്പുറത്ത് നിന്ന് അവരുടെ ജില്ലാ സെക്രട്ടേറിയ്റ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരേ നടപടിയെടുത്തു. അതിനെ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ അത് ശരിയായ കാര്യമാണ്. അവരുടെ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ രീതിയില്‍ ചെയ്യണം. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോണ്ടെ. അവരുടെ പാര്‍ട്ടി മാത്രം മുന്നോട്ടുപോയാല്‍ മതിയോ. എന്നും വി ഡി സതീശൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *