ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം.
മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം.
പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലെത്തുമ്പോൾ പ്രകൃതിബന്ധിതമായ കഥകളിൽ പോലുമുണ്ട് മനോഹാരിത. ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പ്രാധാന്യം ലഭിച്ചതിൽപോലുമുണ്ട് ഒരു ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ മറ്റു പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. മറ്റു പൂക്കളെ തഴുകിയനുഗ്രഹിച്ച മാവേലി തുമ്പപ്പൂവിനെ ചേർത്തുപിടിച്ചുവത്രേ.
കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന മറ്റേത് ഉത്സവമാണ് ലോകത്തുള്ളത്.
പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങൾ തുടരും. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.