കുന്ദമംഗലം: 1970ലാണ് ഞാൻ ആദ്യമായി കുന്ദമംഗലത്ത് എത്തുന്നത്. അമ്പലവയൽ ഹെൽത്ത് സെന്ററിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചതമായ ഒരു സ്ഥലമായിരുന്നു കുന്ദമംഗലം. അന്ന് ഇവിടെ എത്തിയപ്പോൾ ഞാൻ ആദ്യം പരിചയപ്പെട്ടത്
ഭൂപതി അബ്ദുൾ മജീദ് ഹാജിയുടെ പിതാവ് മൊയ്തീൻ ഹാജിയെയാണ്. അന്ന് മുതൽ തുടങ്ങിയതാണ് ഭൂപതി കുടുംബവും ആയുള്ള എന്റെ ബന്ധം. എനിക്ക് കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നതും അദ്ദേഹമാണ്. കുന്ദമംഗംലം പ്രൈമറി ഹെൽത്ത് സെന്റർ നവീകര ബോർഡ് മെമ്പർ ഒക്കെയായിരുന്നു അദ്ദേഹമാണ് എനിക്ക് മകനായ ഭൂപതി അബ്ദുൾ മജീദ് ഹാജിയെ പരിചയപ്പെടുത്തി തന്നത്. ആ പരിചയം വളരെ പെട്ടന്ന് തന്നെ വളർന്നു, ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. പിന്നീട് ഞാനും എന്റെ കുടുംബവും അബ്ദുൾ മജീദ് ഹാജിയുടെ കുടുംബത്തിലെ അംഗങ്ങളായി വളരുന്ന രീതിയിലേക്ക് ആ പരിചയം വളർന്നു. മുക്കം റോഡിൽ മജീദ് ഹാജിയുടെ വീടിന് അടുത്തായാണ് ഞാൻ വീടെടുത്തത്. ഞങ്ങളുടെ വീടുകൾക്ക് ഇടയിൽ ഒരു മതിലുളളത് ഒരു പേരിന് മാത്രമായിരുന്നു, കാരണം ഞങ്ങളുടെ മനസ്സുകൾക്കിടയിൽ മതിൽക്കെട്ടുകൾ ഏതും ഇല്ലായിരുന്നു. ഞങ്ങൾ ഓണവും വിഷുവും പെരുന്നാളും എല്ലാം ഒരു പോലെ സന്തോഷത്തോടെ ആഘോഷിച്ചു. എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുപോലെ പങ്കാളികളായി. ജാതിക്കും മതത്തിനും എല്ലാം അപ്പുറം അത്രമേൽ ദൃഡമായിരുന്നു ഞങ്ങൾക്കിടയിലെ ബന്ധം. ഈ അടുത്താണ്
ഞങ്ങളുടെ വീടിന് ഇടയിലുള്ള മതിൽ മഴയിൽ ഇടിഞ്ഞ് വീണതുമായി ബന്ധപ്പെട്ട് അബ്ദുൾ മജീദ് ഹാജി മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പോലും ഞങ്ങൾ വളരെ അധികം സംസാരിച്ചിരുന്നു. ഇന്ന് രാവിലെ വെള്ള പുതച്ച് മജീദ് ഹാജി കിടക്കുന്നത് കണ്ടപ്പോൾ മുതൽ മനസ്സിനകത്തൊരു വിങ്ങലാണ്, ഒരു സഹോദരനെ എനിക്ക് ഏറ്റവും അടുത്ത ആരേയോ നഷ്ടമായതിന്റെ ഒരു വിങ്ങൽ.
