പാലക്കാട്ടെ കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബിനു നിധിന്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. നിധിൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചപ്പോഴാണ് ബിനു വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

തോക്കുമായാണ് ബിനു നിധിന്റെ വീട്ടിലെത്തിയത്. വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ബിനു ഉപയോഗിച്ച തോക്കിന് ലൈസൻസില്ല. ഇയാളുടെ കൈവശം നിന്ന് 17 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.

മരുതുംകാട് സർക്കാർ സ്‌കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മരുതുംകാട് സ്വദേശി ബിനുവിനെ വഴിയരികിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിനുവിന്റെ സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സമീപത്തെ വീട്ടിൽ നിധിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിനുവും നിധിനും പരിചയക്കാരാണ്. വെടിവെക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു. എന്നാൽ, ബിനു കഴിഞ്ഞ ദിവസം തന്റെ മകനോട് മോശമായി സംസാരിച്ചതായി നിധിന്റെ അമ്മ ഷൈല മൊഴി നൽകി. സമീപത്ത് വീടുകൾ കുറവായതിനാൽ മൃതദേഹം കണ്ടപ്പോഴാണ് പ്രദേശവാസികൾ വിവരം അറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *