കൊച്ചി∙ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു എംബസി മുഖേനെ സ്വീകരിക്കും.

ശ്രീധരീയത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകൾ റോസ്‌മേരി ഒഡിങ്കയ്ക്ക് കേരളത്തിൽ നടത്തിയ ആയുർവേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു.

ആറു ദിവസം മുൻപാണ് അദ്ദേഹം ചികിത്സയ്ക്കായി എത്തിയതെന്ന് ശ്രീധരീയം വൈസ് ചെയർമാൻ ഹരി പ്രതികരിച്ചു. ‘‘വീൽചെയറിലായിരുന്നു അദ്ദേഹം വന്നത്. മൂന്നു ദിവസം മുൻപ് ആരോഗ്യവാനായി നടക്കാൻ തുടങ്ങിയിരുന്നു. ഇന്നു രാവിലെ നടന്നു തിരിച്ചുവരുന്ന വഴിക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഉടനെതന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. മുൻപ് രണ്ടു തവണ അദ്ദേഹം ഇവിടെ എത്തിയിട്ടുണ്ട്. അത് മകളുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു. ചികിത്സ ഫലപ്രദമായതിനാൽ നിരവധിപ്പേരെ അദ്ദേഹംതന്നെ ഇങ്ങോട്ടേക്ക് അയച്ചിരുന്നു. പ്രോട്ടോക്കോൾ ഓഫിസർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. അധികൃതരുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കും’’ – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *