ന്യൂ ഡല്ഹി: ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റിലും സുപ്രീം കോടതിയിലേക്ക് നടന്ന മാര്ച്ചിലും ഫയല് ചെയ്ത കോടതി അലക്ഷ്യ ഹര്ജിയില് കോണ്ഗ്രസിനും രാഹുല് ഗാന്ധിക്കും നോട്ടീസ്. കോടതി വളപ്പില് രാഷ്ട്രീയ പ്രകടനങ്ങള് നടത്തുന്നതിന് നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അഭിഭാഷകര് സമര്പ്പിച്ച ഹര്ജിയിലാണ് നടപടി. രാഹുല് ഗാന്ധിയോടും മറ്റുള്ളവരോടും മറുപടി നല്കാന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്ദ്ദേശിച്ചു.
അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാംഷ് ബിഷ്ത്, ആശിഷ് ഗോപാല് ഗാര്ഗ്, ശ്വേത ഗാര്ഗ് എന്നിവര്, അഡ്വക്കേറ്റ്- ഓണ്- റെക്കോര്ഡ് ഉത്കര്ഷ് ജയ്സ്വാള് മുഖേനയാണ് ഈ ഹര്ജി സമര്പ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ നടത്തിയ പരാമര്ശങ്ങളില്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്ഹിയിലെ പൊലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ക്രമസമാധാനം തന്റെ മേഖല അല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് കോണ്ഗ്രസ് കേരള ഘടകം എക്സ് പോസ്റ്റ് പങ്കുവെച്ചത്. ക്രമസമാധാനം നിങ്ങളുടെ മേഖല അല്ലെങ്കില് രാജിവെച്ച് പൊയ്ക്കൊള്ളൂ എന്നും കൊള്ളാവുന്ന മറ്റാരെയെങ്കിലും തങ്ങള് കണ്ടെത്തിക്കൊള്ളാമെന്നുമായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. സംഭവം കെപിസിസി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. സോഷ്യല് മീഡിയ കോർഡിനേറ്റര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
