തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ വിചാരണ നേരിടുകയാണ് ഏറ്റവും അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. “മടിയിൽ കനമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അന്വേഷണത്തെ ഭയക്കുന്നത്?” എന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ചോദ്യമുയർത്തി.
കേസിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന രീതിയിലുള്ള സർക്കാർ നിലപാടിനെ ശക്തമായി തള്ളിക്കളഞ്ഞ അദ്ദേഹം, കോടതിയിലെ സർക്കാരിന്റെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വ്യക്തമാക്കി. എന്തുകൊണ്ടാണ് അഡ്വക്കേറ്റ് ജനറൽ ഇത്തരമൊരു നിലപാട് എടുത്തതെന്ന് വ്യക്തമല്ലെന്നും, ബന്ധപ്പെട്ടവർ ഇക്കാര്യം സ്വന്തം പാർട്ടി വേദികളിൽ വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പരിശോധിക്കേണ്ടത് ഹർജിക്കാരന്റെ വിശ്വാസ്യതയല്ലെന്നും, ന്യായമായ നിലപാടുകൾക്ക് പകരം നിയമപരമായ നിലപാടുകളാണ് എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരും വിജിലൻസും വാദിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് കുഴൽനാടൻ കുറ്റപ്പെടുത്തി. “യാതൊരുവിധ തെളിവുകളുമില്ലാതെ ഏത് മെറ്റീരിയൽ റെക്കോർഡിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ മുൻപ് എനിക്കെതിരെ കേസെടുത്തത്? ഇപ്പോൾ അദ്ദേഹം അന്വേഷണം നേരിടേണ്ടി വരുമ്പോൾ മാത്രം എന്തിനാണ് ഇത്രയധികം വെപ്രാളപ്പെടുന്നത്?” എന്ന് അദ്ദേഹം തുറന്നടിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടന്നപ്പോൾ പിണറായി വിജയൻ പൂർണ്ണമായും ഭയന്നുപോയതായി അദ്ദേഹം പരിഹസിച്ചു. സ്വന്തം മകൾക്കെതിരെ അന്വേഷണം വരുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് പിണറായി വിജയനിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. എന്നാൽ, ഈ ഘട്ടത്തിൽ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ താൻ മുതിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
മുൻപ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സിപിഎം ആത്മപരിശോധന നടത്തണമെന്നും, അന്ന് പിണറായി വിജയൻ അടക്കമുള്ളവർ പറഞ്ഞ കാര്യങ്ങൾ ശാന്തമായി അദ്ദേഹത്തെ ഒന്നോർമ്മിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
