തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും.

ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന്‍ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയത്ത് കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.

ആത്മകഥ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ട്. ഇത് താന്‍ എഴുതിയതല്ല എന്നാണ് ഇപി ജയരാജന്‍ നല്‍കിയ വിശദീകരണം. താന്‍ എഴുതുന്ന ആത്മകഥ പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ഇപി ആവശ്യപ്പെട്ടത്. അതിനിടെ ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *