മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞു.സുഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ശബരിമല നട ഇന്ന് ഒരു മണിക്കൂർ മുമ്പ് തുറക്കും. 5 മണിയായിരുന്നു നേരെത്തെ തീരുമാനിച്ചത്. ഇത് 4 മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും. ഓൺലൈൻ ബുക്കിംഗ് 70,000 ത്തിൽ നിന്നും ഉയർത്തുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂട്ടിച്ചേര്‍ത്തു. ദർശനസമയം 18 മണിക്കൂർ ആക്കിയതും പമ്പയിൽ താൽക്കാലിക പാർക്കിംഗ് അനുവദിച്ചതും തിരക്ക് നിയന്ത്രണത്തിൽ ഫലപ്രദമാകും എന്നാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *