തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ ഗായിക കെ.എസ്.ചിത്രയെ പിന്തുണച്ച് പ്രമുഖ ഗായകന്‍ ജി.വേണുഗോപാല്‍. പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

”50 വര്‍ഷത്തിലേറെയായി ചിത്രയെ അറിയാം. ആരും സ്‌നേഹിച്ചു പോകുന്ന ആ ഗായികയുടെ വ്യക്തിത്വത്തെ അപമാനിച്ചും ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു പറഞ്ഞും ഒട്ടേറെ കുറിപ്പുകള്‍ കണ്ടു. ചിത്രയ്ക്ക് ഇതു വല്ലാത്ത സങ്കടമുണ്ടാക്കി. കഴിഞ്ഞ 44 വര്‍ഷങ്ങളില്‍ അവര്‍ പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ഇല്ല. ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ഈ വിഷയത്തിലുള്ളത്. സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന ഇതിനപ്പുറമൊന്നും ചിത്രയുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ? വൈകുന്നേരം നാലു നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയില്‍ പോ, അഞ്ച് നേരം നിസ്‌കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീടു പോലും കേരളത്തിലുണ്ടാകില്ല. മലയാളികള്‍ക്ക് ലോകോത്തരമെന്ന ലേബലില്‍ സംഗീത ലോകത്തിന്റെ നെറുകയില്‍ ചൂടിക്കാന്‍ ഒരു ചിത്രയും ഒരു യേശുദാസുമാണുള്ളത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ സാധിച്ചതിലേറെ അവര്‍ ചെയ്തു. അത് ആസ്വദിക്കാനും വിലയിരുത്താനും ഒരു മനുഷ്യായുസ്സ് പോരാതെ വരും.” ചിത്രയെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നു മാത്രമാണ് അഭ്യര്‍ഥനയെന്നും വേണുഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *