ആലപ്പുഴ: പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കുന്നു. ചിലര്‍ക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണ് എന്നും അദ്ദേഹം പറഞ്ഞു.

‘ എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടില്‍ പ്രതികരിച്ച സാഹിത്യകാരന്മാര്‍ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്‌നങ്ങളില്‍ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തില്‍ ആയിരുന്നാലും അവകാശങ്ങള്‍ നേടാന്‍ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ? ഭരണംകൊണ്ടുമാത്രം ജനകീയ പ്രശ്‌നങ്ങള്‍ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ത്ഥം. അത് മാര്‍ക്സിസം ആണ്. പഠിച്ചവര്‍ക്കേ അറിയൂ. വായിച്ച് പഠിക്കണം.’ – സുധാകരന്‍ പറഞ്ഞു.

എംടിക്ക് പിന്നാലെ എം മുകുന്ദനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം. കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

Leave a Reply

Your email address will not be published. Required fields are marked *