കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പാലാഴിയിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

ചതി മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ വിഷ്ണു പരാതിക്കാരിയെ വീണ്ടും ഇതേ ഫ്ളാറ്റിലും മറ്റൊരു ഫ്ളാറ്റിലും എത്തിച്ച് നിരവധി തവണ പീഡനത്തിനിരയാക്കി. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പരാതിയുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മുങ്ങിയ പ്രതി കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു.

ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുണ്‍കുമാര്‍ മാത്തറ, എസ്സിപിഒമാരായ വിനോദ്, മധുസൂദനന്‍ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരും പന്തിരാങ്കാവ് സ്റ്റേഷനിലെ എഎസ്ഐ നിധീഷ്, എസ്സിപിഒ പ്രമോദ്, സിപിഒമാരായ കപില്‍ദാസ്, മനാഫ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *