ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രാധാന്യമില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ ശശി തരൂര്‍. ഡല്‍ഹിയിലേക്ക് എല്‍ഡിഎഫ് ആളെ അയക്കുന്നത് വേസ്റ്റാണെന്നും ഇടതിന് പാര്‍ലമെന്‍റില്‍ എത്തിയിട്ട് ഒന്നും ചെയ്യാനില്ലെന്നും വിമര്‍ശനം. കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള വികസന രേഖയുടെ പ്രകാശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്‍റില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ശബ്‌ദമുയര്‍ത്തിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു. താനാണ് പാര്‍ലമെന്‍റില്‍ പൗരത്വ നിയമത്തെ ആദ്യം എതിര്‍ത്തത്. ഇതിന്‍റെ തെളിവുകള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് എംപി മാരെല്ലാം വിജയിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന ഇടത് കേന്ദ്രങ്ങളുടെ പ്രചാരണത്തിന് അടിസ്ഥാനമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒറ്റ കോണ്‍ഗ്രസ് എംപിമാര്‍ പോലും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരിചയപ്പെടുന്നത് തന്നെ ബിസിനസുകാരനായിട്ടാണ്. കേന്ദ്ര ഐടി മന്ത്രിയായിരുന്നിട്ട് കേരളത്തിന് ഒരു ഗുണവും അദ്ദേഹത്തെ കൊണ്ട് ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.അത് പ്രാധാന്യത്തോടെയാണ് താന്‍ കാണുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടക്കം രണ്ട് പൂജ്യമാകും. പരാജയ ഭയം കാരണം പുറത്താക്കിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് വീണ്ടും കൊണ്ടു വരാന്‍ എന്‍ഡിഎ കെഞ്ചുന്ന കാഴ്‌ചയാണ് രാജ്യത്ത്. 2004 ന് സമാനമായി യുഡിഎഫിന് അപ്രതീക്ഷിത വിജയമുണ്ടാകും. വോട്ടെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയും ശശി തരൂര്‍ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *