
പൂനയിൽ ദൗണ്ട് -പൂനെ ഡെമു ട്രെയിനിൽ തീപിടുത്തം . ട്രെയിനിനകത്തെ ശുചിമുറിയിലാണ് തീ പടർന്നത്. ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരൻ ബീഡിക്കുറ്റി ചവറ്റുകൊട്ടയിലിട്ടതാണ് തീപിടുത്തതിന് കാരണമായത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് ഒരാൾ അലറിക്കരയുന്നത് കേട്ടാണ് സഹയാത്രികർ സംഭവം അറിയുന്നത്. ശുചിമുറിയുടെ വാതിൽ അകത്ത് നിന്ന് തുറക്കാൻ ആകാത്ത വിധം ലോക്ക് ആയിരുന്നു. പിന്നീട് മറ്റ് യാത്രക്കാർ ചവിട്ടി തുറന്നാണ് വാതിൽ തുറന്ന് മധ്യപ്രദേശുകാരനായ 55 കാരനെ പുറത്തെത്തിച്ചത്. പിന്നാലെ ശുചിമുറിക്ക് പുറത്തെ കോച്ചിലേക്ക് കൂടി പുക പടരുകയായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തീപിടുത്തത്തിൽ ഒരു യാത്രക്കാർക്കും പരുക്ക് പറ്റിയിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റെയിൽവേ അധികൃതരും പൊലീസും ഉടൻ തന്നെ ഇടപെട്ട് തീ അണച്ചു. തീപിടുത്തമുണ്ടായ കോച്ചിൽ ആ സമയത്ത് കുറച്ച് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതർ പറഞ്ഞു.