ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിൽ ദ്വാരക സെക്ടർ 23ൽ ഗോൾഫ് കോഴ്സിൽ ആയിരുന്നു സംഭവം. അരുൺ, അനുജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി നിർമ്മാണം നടക്കുന്ന ഗോൾഫ് കോഴ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനിറങ്ങിയതായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ്പുരിലും മൂന്ന് പേർ വെള്ളക്കെട്ടിൽ വീണ് മരിച്ചിരുന്നു. മെട്രോ നിർമ്മാണ പ്രദേശത്തുള്ള വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. പിയുഷ് (13), നിഖിൽ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞദിവസം മാത്രം ആറു പേർ മരിച്ചു.

യമുനാ നദി കരകവിഞ്ഞൊഴുക്കുന്നുണ്ട്. നദീതീരത്തുള്ള പ്രധാനപ്രദേശങ്ങളിലൊക്കെ വെള്ളക്കെട്ട് തുടരുകയാണ്. 206.02 മീറ്ററാണ് രാവിലെ എട്ട് മണിയ്ക്ക് യമുനയുടെ ജലനിരപ്പ്. നിലവിൽ വെള്ളം കുറഞ്ഞു വരികയാണെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയായി യമുനയിലെ ജലനിരപ്പ് അപകടനില കടന്ന് നിറഞ്ഞ് ഒഴുകയാണ്. 1978ൽ 207.49 മീറ്റർ ജലനിരപ്പായി യമുന നിറഞ്ഞതാണ് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന ജലനിരപ്പ്. എന്നാൽ ഇത്തവണ ഇത് 208.66 എത്തി.

നിലവിൽ രാജ്യതലസ്ഥാനത്ത് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട നഗരത്തിലെ പ്രധാനയിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് ചെളികെട്ടിക്കിടക്കുകയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ ഗതാഗതം താറുമാറായ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *