മണ്ഡലകാലത്തിനു മുമ്പ്, നവംബറോടെ ശബരിമല റോഡുകളും, അനുബന്ധറോഡുകളും ഉന്നത നിലവാരത്തില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ അറിയിച്ചു.
2021 മുതല്‍ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി നടന്നിരുന്നില്ല.
ജലജീവ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചതിലുള്ള കാലതാമസം,ശബരിമല റോഡുകളെയും പ്രതികൂലമായി ബാധിച്ചു.
എന്നാല്‍ ഇത്തവണ മുഴുവന്‍ ശബരിമല റോഡുകളും പൂര്‍ണമായി ഗുണനിലവാരത്തോടെ,നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത്,ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ മന്ത്രി ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ് ,ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍,മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ റോഡ് നിര്‍മാണത്തോടൊപ്പം നടപ്പിലാക്കും.
റോഡ് നന്നാക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും, ഈ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണം,മറ്റ് അറ്റകുറ്റപണികള്‍ എന്നിവ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പി.കെ.ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ മാസം 21ന് പമ്പയില്‍, ശബരിമല മണ്ഡല കാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് അഡിഷണല്‍ സെക്രട്ടറി വി.ആര്‍.വിനോദ്,
ചീഫ് എഞ്ചിനീയര്‍മാര്‍,
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
