ഇന്ത്യയുടെ ഒളിംപിക് താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കിയ സ്വീകരണത്തില്‍ മലയാളി താരം ശ്രീജേഷിനോട് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്സിനൊടുവില്‍ വിരമിക്കുമെന്ന് ഒളിംപിക്സിന് തൊട്ടു മുമ്പായിരുന്നു ശ്രീജേഷ് പ്രഖ്യാപിച്ചത്. ഇതിനെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ശ്രീജേഷിനോട് നേരിട്ട് ചോദിച്ചത്.ഒളിംപിക് സെമിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ തോല്‍പ്പിച്ച് ശ്രീജേഷിന് മെഡൽ തിളക്കത്തോടെ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിരമിക്കലിനെക്കുറിച്ച് ചിന്തയുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞു. എന്തിന് എന്‍റെ ടീം അംഗങ്ങള്‍ പോലും പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്, എപ്പോഴാണ് വിരമിക്കുന്നതെന്ന് ശ്രീജേഷ് അത് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയും ചിരിച്ചു.എന്നാല്‍ വലിയൊരു വേദിയില്‍ വിരമിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ഒളിംപിക്സ് പോലെ ലോകം മുഴുവന്‍ സ്പോര്‍ട്സിനെ ആഘോഷിക്കുന്ന ഒളിംപിക്സ് വേദിയോളം മറ്റൊരു വേദിയില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഒളിംപിക്സ് തന്നെ വിരമിക്കല്‍ വേദിയായി തെരഞ്ഞെടുത്തത്. എന്നാല്‍ ഇടക്ക് ഇടപെട്ട പ്രധാനമന്ത്രി ശ്രീജേഷിന്‍റെ സാന്നിധ്യം ടീം ശരിക്കും മിസ് ചെയ്യുമെന്നും എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും സംഘവും ശ്രീജേഷിന് ഉചിതമായ യാത്രയയപ്പാണ് നല്‍കിയതെന്ന് ഓര്‍മിപ്പിച്ചു.തനിക്ക് മെഡലോടെ യാത്രയയപ്പ് നല്‍കിയതില്‍ ടീം അംഗങ്ങളോട് ശ്രീജേഷ് നന്ദി പറഞ്ഞു. ഇത് സ്വപ്നമെന്നെ പറയാനാകു. കാരണം, ഞങ്ങള്‍ സെമിയില്‍ തോറ്റപ്പോള്‍ ആകെ തകര്‍ന്നുപോയിരുന്നു. കാരണം, ഫൈനലിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ വെങ്കല മെഡല്‍ മത്സരത്തിന് മുമ്പ് എല്ലാവരും പറഞ്ഞത് ശ്രീജേഷിന് വേണ്ടി മെഡല്‍ നേടണമെന്നായിരുന്നു. അതുകൊണ്ട് തന്നെ ഇതെന്‍റെ ജീവിതത്തിലെയും കരിയറിലെയും അഭിമാന നിമിഷമാണ്. പോഡിയത്തില്‍ കയറിതന്നെ യാത്രയയപ്പ് നല്‍കിയതില്‍ ടീം അംഗങ്ങളോട് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. ഇന്ന് ഉച്ചക്ക് കൊച്ചിയിലെത്തുന്ന ശ്രീജേഷിന് ജന്മനാട്ടിലും വലിയ സ്വീകരണമാണ് ഒരുക്കയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *