വിവാദങ്ങൾക്കിടെ പല ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി എം പി.തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ :
ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. മാധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താൽ അതെങ്ങനെ ശരിയാകും ? ഒരു മതത്തിനേയും അദ്ദേഹം റെഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫർ ചെയ്തിട്ടുണ്ടാകും. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങൾ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല.
ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ.
