സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ല, നിലവിലെ കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കാത്തതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.അടുത്ത നാല് മാസത്തേക്കു കൂടി തീയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തിയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *