ഡൽഹി: സി.ജെ.പി ആഹ്വാനം ചെയ്ത ‘തിരംഗ മാർച്ചിന്റെ’ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പോലീസ്. സാഹചര്യം നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തെ ഡൽഹി പോലീസ് നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹി അതിർത്തികളിലും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിലായി അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ ഇരുപതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരംഗ യാത്ര നിയമവിരുദ്ധമായ ഒത്തുചേരലല്ലെന്ന് ഡൽഹി ഡിസിപിയും പി.ആർ.ഒയുമായ നേഹ യാദവ് പ്രതികരിച്ചു. എന്നാൽ ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം കൊണാട്ട് പ്ലേസിലും അനുബന്ധ പ്രദേശങ്ങളിലും കൂട്ടംകൂടാൻ അനുവാദമില്ലെന്ന് അവർ വ്യക്തമാക്കി. പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ മൂന്നിന് മാത്രമായിരിക്കും കോടതി പരിഗണിക്കുക. ജന്തർ മന്തർ സമരവേദിയല്ലാതാക്കിയ ഉത്തരവിനെതിരെയുള്ള ഹർജികളും രാഹുൽ ഗാന്ധിക്കെതിരായ മറ്റ് ഹർജികളും ഇതേ ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജികൾ ഈ മാസം 27-നും പരിഗണിക്കും.
സി.ജെ.പി പ്രതിഷേധത്തിന് കർശന ഉപാധികളോടെയാണ് പോലീസ് അനുമതി നൽകിയിട്ടുള്ളത്. സമരം ചെയ്യുന്നതിന് 11 നേതാക്കളുടെ പേര് നൽകാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് ചുറ്റും 6,000 പോലീസുകാരെ വിന്യസിക്കും. അനുവധിക്കപ്പെട്ട പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ മാത്രമാണ് അനുവാദം.
