കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈൽ സജീവ് അപകടസമയത്ത് ക്രമാതീതമായി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ റിപ്പോർട്ട്. രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ അളവ് കണ്ടെത്തിയതായി പുറത്തുവന്ന സാമ്പിൾ പരിശോധനാ ഫലത്തിൽ വ്യക്തമാകുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് പോലീസ് അറിയിച്ചു.

അപകടസമയത്ത് സുഹൈൽ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പൂർണ്ണമായും ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാ ഫലം. ഡ്രൈവിംഗിന് അനുവദനീയമായ മദ്യത്തിന്റെ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഇതിന്റെ അഞ്ചിരട്ടിയിലധികം പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയത്.

മദ്യത്തിന് പുറമെ പ്രതി രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇതിന്റെ പരിശോധനാ ഫലം പുറത്തുവരാൻ കുറച്ചുകൂടി സമയമെടുക്കും. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്നും, കോടതിയിൽ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *