സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് മുടക്കുമെന്ന് സ്വകാര്യ ബസുടമകൾ. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്കും കൺസഷനും വർധിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ പറഞ്ഞു. പദ്ധതി കാരണം സ്വകാര്യ ബസുകൾക്ക് നാലുമാസത്തിനിടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംയുക്ത സമരസമിതി വ്യക്തമാക്കി. വിവിധ ആവശ്യങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി.
പ്രധാന ആവശ്യങ്ങൾ
സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കി തുക സർക്കാർ ഉടമകൾക്ക് നൽകുക
രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക
മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക
ഡീസൽ വിലയിലെ നികുതി സ്വകാര്യ ബസുകൾക്ക് ഒഴിവാക്കുക
ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക
ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക
ഗ്രാമ വണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കുക
ബസുകളുടെ കാലാവധി വർധിപ്പിക്കുക
ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക
