ഇന്നലെ ന്യൂസിലന്ഡിനെതിരെയുള്ള മത്സരത്തിന്റെ ഫലം മറിച്ചായിരുന്നെങ്കിൽ വിമർശനത്തിന്റെ മൂർച്ചയേറിയ കൂരമ്പുകൾ ഏൽക്കേണ്ട ഒരാളായിരുന്നു മുഹമ്മദ് ഷമി.മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് സോക്ഷ്യൽ മീഡിയയിൽ രാജ്യദ്രോഹപ്പട്ടം ചാർത്തി ഷമിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഏഴു വിക്കറ്റുകൾ നേടി വിമർശകരുടെ വായ അടപ്പിച്ചുക്കൊണ്ട് ഷമി ഇന്ത്യയെ ഫൈനലിലെത്തിച്ചു.
ഒന്നിലധികം റെക്കോർഡുകളാണ് മത്സരശേഷം ഷമിയെ തേടിയെത്തിയത്. വിക്കറ്റ് കണ്ടെത്താൻ ബുമ്ര, സിറാജ് ഉൾപ്പെടെ ഉള്ളവർക്ക് കഴിയാതെ വന്നപ്പോൾ ഷമി തന്റെ മികവ് പുറത്തെടുത്തു. ഏഴു വിക്കറ്റുകൾ നേടി ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. കോഹ്ലിയുടെ സെഞ്ച്വറിയോടൊപ്പം ചരിത്രത്തിൽ എഴുതി ചേർക്കേണ്ട പ്രകടനം. 9.5 ഓവറിൽ 57 റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴു വിക്കറ്റുകൾ.
ആദ്യത്തെ മൂന്നു മത്സരങ്ങളിൽ പവലിയനിൽ കാഴ്ചക്കാരനായിരുന്ന ഷമി കളത്തിലെത്തിയപ്പോൾ വൻതിരിച്ചുവരവാണ് നടത്തിയത്. ആറു മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളാണ് എറിഞ്ഞുവീഴ്ത്തിയത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ മാത്രമായിരുന്നു ഷമിക്ക് വിക്കറ്റ് ലഭിക്കാതെ പോയത്. അതിന്റെ പ്രതികാരം കൂടി വീട്ടാനായിരിക്കാം ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ഷമിയുടെ മിന്നും പ്രകടനം. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയായി അത് മാറി.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരം കൂടിയാണ് ഷമി. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ 23 വിക്കറ്റോടെ ഒന്നാമനായി ഷമി മാറി. ഏകദിനത്തിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷമി. ലോകകപ്പിൽ അതിവേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തിയതും ഷമി തന്നെ. 17 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഷമിയുടെ ഈ നേട്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റും നോക്കൗട്ട് ചരിത്രത്തിലെ ആദ്യ അഞ്ച് വിക്കറ്റും ഷമി സ്വന്തമാക്കി. ഈ ലോകകപ്പിൽ മൂന്നു തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം ഷമിയുടെ അക്കൗണ്ടിലെത്തിയത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി.
ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോകുമ്പോൾ പകരക്കാനായി ഇറങ്ങി പകരംവെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ കുന്തമുനയായി മാറുകയായിരുന്നു ഷമി . നിർണായക മത്സരത്തിൽ അപകടകാരികളായ ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര എന്നിവരെ തുടക്കത്തിലെ പവലിയനിലെത്തിച്ചു. പിന്നാലെ വില്യംസണെ വീഴ്ത്തി മത്സരത്തിന്റെ ഗതി തിരിച്ചുപിടിച്ച് മുന്നേറ്റം. അപ്പോഴും ഭയപ്പെടുത്തുന്ന പ്രകടനവുമായി ഒരറ്റത്ത് കിവീസിന്റെ ഡാരിൽ മിച്ചൽ നിൽപ്പുണ്ടായിരുന്നു. മിച്ചലിനെയും പുറത്താക്കി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവരെയും വീഴ്ത്തി ഷമി ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചു.
ഫൈനലിലും താരത്തിന്റെ മിന്നും പ്രകടനം തന്നെയായിരിക്കും കാണാൻ കഴിയുകയെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷമിയെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയും ഓരോ ക്രിക്കറ്റ് പ്രേമികളും. താൻ വില്ലനാകാൻ അല്ല ഹീറോയാകാനാണ് കളിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേ ഒരു ഷമി.