മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാര്‍ട്ടിയില്‍ പദവികള്‍ ഒഴിഞ്ഞ് എം.എല്‍.എ. ഭംടാര-പവനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ബോന്ദേക്കറാണ് പാര്‍ട്ടിയിലെ മുഴുവന്‍ പദവികളും ഒഴിഞ്ഞത്.
നിയമസഭാ അംഗത്വം രാജിവെച്ചിട്ടില്ല. ശിവസേനയുടെ ഉപനേതാവും വിദര്‍ഭയിലെ പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കര്‍. ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഭര്‍ഭയിലെ 62 സീറ്റുകളില്‍ 47 എണ്ണത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചിരുന്നു. മൂന്ന് തവണ എം.എല്‍.എയായ ബോന്ദേക്കറിന് ഇത്തവണ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച് ഏകനാഥ് ഷിന്‍ഡെ, മുതിര്‍ന്ന നേതാക്കളായ ഉദയ് സാമന്ത്, ഏക്നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ക്ക് കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.